സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ. സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ വി.എസ് പത്ത് ലക്ഷത്തിപതിനായിരം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്റേതാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ്.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെ പറ്റി വി.എസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ജനുവരി 22ന് പത്ത് ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സബ് കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ വി.എസ് അച്യുതാനന്ദനാണ് ജില്ല പ്രിന്‍സിപ്പല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
ഇതിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.