'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

കേരള രാഷ്ട്രീയത്തിൽ നിർണായകമായി മാറിയ സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഐഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് ഒത്തുതീർപ്പിനായി തന്നെ വിളിച്ചുവെന്ന് അന്ന് മലയാള മനോരമ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ ജോൺ മുണ്ടക്കയം വെളിപ്പെടുത്തി. ‘സമകാലിക മലയാളം’ വാരികയിൽ പ്രസിദ്ധീകരിക്കുന്ന ‘സോളാര്‍ ഇരുണ്ടപ്പോള്‍’ എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍. ‘രണ്ട് പത്രക്കാര്‍ അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തില്‍ കൊടുമ്പിരികൊണ്ട സമരം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ലേഖകന്‍.

അന്ന് കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേയെന്ന് ചോദിച്ച് വിളിക്കുകയും പിന്നാലെയുള്ള സംഭവ വികാസങ്ങളിലൂടെയാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.

‘കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരം എങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. സത്യത്തില്‍ രണ്ട് പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നുമായിരുന്നു അതിന്റ തുടക്കം’ ജോണ്‍ മുണ്ടക്കയം പറയുന്നു.

സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന തനിക്ക് പിണറായി വിജയന്റെ വിശ്വസ്തൻ കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നുവെന്ന് ജോണ്‍ മുണ്ടക്കയം പറയുന്നു. ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” എന്നതായിരുന്നു ഫോണ്‍ കോളിലെ ചോദ്യമെന്നും അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോയെന്ന് താന്‍ തിരിച്ചു ചോദിച്ചുവെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളില്‍നിന്നുമുള്ള നിര്‍ദേശ പ്രകാരമാണു ബ്രിട്ടാസിന്റെ ഫോണ്‍ കോളെന്നു തനിക്കു മനസിലായെന്നും ജോണ്‍ പറയുന്നു.

‘ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ”ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ,” എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ”അതെ, അതു പത്രസമ്മേളനം വിളിച്ചുപറഞ്ഞാല്‍ മതി,” എന്നു ബ്രിട്ടാസ്. നിര്‍ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പുവരുത്തി. ശരി സംസാരിച്ചുനോക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,’ ജോണ്‍ ലേഖനത്തില്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പികെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും ജോണിനോട് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനെയും തുടര്‍ന്നു കോടിയേരി ബാലകൃഷണനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി’.

‘പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനുറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു,’ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമരം അവസാനിപ്പിച്ച കഥ ജോണ്‍ മുണ്ടക്കയം ഇങ്ങനെ പറഞ്ഞു നിര്‍ത്തി. പിണറായി വിജയന്റെ പേരൊന്നും ബ്രിട്ടാസ് പറഞ്ഞില്ലെന്നും പൊതുവായ തീരുമാനമെന്ന നിലയിലാണ് പറഞ്ഞതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. ജനങ്ങളെ മുഴുവൻ ബുദ്ധിമുട്ടിക്കുന്ന വലിയ സമരം സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുമ്പോൾ ആ സമരം തീരുന്നുവെങ്കിൽ തീരട്ടെ എന്ന് കരുതിയാണ് താൻ ഇതിൽ ഇടപെട്ടതെന്നും ജോൺ മുണ്ടക്കയം കൂട്ടിച്ചേർത്തു.

എന്നാല്‍ അന്ന് സമരക്കാര്‍ക്കൊപ്പം നിന്നിരുന്ന ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ലെന്നും സമരം ഒത്തുതീര്‍പ്പായത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് ഐസക് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലുള്ള അതൃപ്തി ഐസക് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഐസക് പറഞ്ഞതില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീ‍ർക്കാൻ ഒരു നി‍‍ർദ്ദേശം വന്നു. അതിനോട് സ‍ർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

എന്നാൽ മാധ്യമ പ്രവർത്തകന്റെ ആരോപണത്തിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എംവി ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

Latest Stories

സംഭൽ അക്രമം: കല്ലേറ് നടത്തിയവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും നാശനഷ്ടങ്ങൾ ഈടാക്കാനും തയ്യാറെടുത്ത് യുപി സർക്കാർ

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ