അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു 'ഉസൈന്‍ ബോള്‍ട്ട്'; വന്ദേഭാരതിനെ കുറിച്ച് കവിതയെഴുതി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍; പങ്കുവെച്ച് കെ. സുരേന്ദ്രന്‍

വന്ദേഭാരത് ട്രെയിനിനെ കുറിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിത പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെറെയില്‍ പദ്ധതിയെ വിമര്‍ശിച്ച് കൊണ്ടുമാണ് അഭിഭാഷകന്‍ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. ‘വന്ദേ ഭാരത്. വരട്ടെ ഭാരത്’ എന്ന പേരിലാണ് കവിത.

രൂപേഷിന്റെ കവിത ഇങ്ങനെ..

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര്‍ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയര്‍ത്തിയാലും..
ഇടതുപക്ഷം വെടിയുതിര്‍ത്താലും..
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും..

പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയില്‍
പോയി
അപ്പം വില്‍ക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല..

കെ. റെയില്‍
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ..

ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നില്‍ക്കുമ്പോള്‍
കിതച്ചു കൊണ്ടോടി
ആ കുതിപ്പിന്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക
മോദിയല്ല…..
വലിക്കുന്നവര്‍ തന്നെയാകും..

വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈന്‍ ബോള്‍ട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

Read more