തൃശൂര്‍ പൂരത്തിനും പകര്‍പ്പവകാശമോ? ആശങ്കയോടെ ആരാധകര്‍; വിവാദം കത്തുന്നു

റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ തൃശൂര്‍ പൂരത്തിന്റെ ഓഡിയോ പകര്‍പ്പാവകാശം സോണി മ്യൂസിക്ക് സ്വന്തമാക്കിയതോടെ പൂരവുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളും ഓഡിയോകളും യൂട്യൂബില്‍ നിന്ന് വിലക്കുന്നതായി ആരോപണമുയരുകയാണ്. പഞ്ചവാദ്യം, പഞ്ചാരി മേളം, ഇലഞ്ഞിത്തറ മേളം എന്നിവയുടെ കോപ്പിറൈറ്റ് ആണ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പൂരവുമായി ബന്ധപ്പെട്ട ഓഡിയോയും വിഡിയോയും മറ്റാരെങ്കിലും യൂട്യൂബില്‍ അപ് ലോഡ് ചെയ്താല്‍ യൂട്യൂബ് അത് നീക്കം ചെയ്യുന്നതായും ആരോപണമുണ്ട്.

എന്നാല്‍ ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും സോണിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. “തൃശൂര്‍ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ എനിക്കു പങ്കില്ല. പ്രശാന്ത് പ്രഭാകറും പോസ്റ്റണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്കു നല്‍കിയതെന്നന്നുമാണ് അറിവ്. അല്ലാതെ ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് നല്‍കിയിട്ടുള്ളതായി അറിയില്ല.” റസൂല്‍ പൂക്കുട്ടി പറയുന്നു. തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. തന്റെ തറവാട്ടു സ്വത്തല്ല. ഏതെങ്കിലും കമ്പനിക്ക് അതിന്റെ കോപ്പി റൈറ്റ് എടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയതോടെ പൂരം ലൈവായി ഫെയ്‌സ് ബുക്കിലൂടെ നല്‍കാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു എന്നതാണു പ്രശ്‌നം.