ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റാനുള്ള ഐ ഗ്രൂപ്പിന്‍റെ നീക്കം പരാജയപ്പെട്ടു. എറണാകുളത്തെ യു.ഡി.എഫിന്റെ മോശം പ്രകടനത്തില്‍, കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഐ ഗ്രൂപ്പിന്‍റെ നീക്കം പാളിയത്. തിരഞ്ഞെടുപ്പ് ദിവസം മഴയെ തുടർന്ന് എറണാകുളം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെയും പോളിംഗ് ശതമാനത്തെയും ബാധിച്ച സാഹചര്യം ഉണ്ടായിരുന്നു. മേയർ എന്ന നിലയിൽ സൗമിനി ജെയിൻ പരാജയമാണെന്ന വിമർശനം ഉണ്ടാവുകയും, പദവി രാജിവെയ്ക്കണമെന്ന അഭിപ്രായം ഉയർന്നു വരുകയും ചെയ്തിരുന്നു. എറണാകുളത്തെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദിന് പ്രതീക്ഷിച്ച അത്ര വോട്ട് ലഭിക്കാത്തതിന് കാരണം സൗമിനി ജെയിനിനോടുള്ള ജനങ്ങളുടെ മനോഭാവം വോട്ടിംഗിൽ പ്രതിഫലിച്ചതാണെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പിൽ വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്വമാണെന്നും ഒരാൾക്ക് മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. കൊച്ചി മേയർ സൗമിനിയെ ബലിമൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിയമ്പെയ്യുന്നവർ അവർക്ക് നേരെ തന്നെ പതിക്കുമെന്നോർക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എറണാകുളത്തെ മോശം പ്രകടനത്തിന്‍റെ പേരില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.