സംഘപരിവാര്‍ പ്രൊപ്പഗെന്‍ഡ വാര്‍ത്തകളുടെ ഭാഗമായി ജനം ടിവിയും ജന്മഭൂമിയും സ്വതന്ത്ര ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പടച്ചുവിടുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ സൗത്ത്‌ലൈവ് നിയമനടപടിയ്‌ക്കൊരുങ്ങുന്നു. മലയാളത്തിലെ പല ന്യൂസ് സൈറ്റുകള്‍ക്കും ഒപ്പം സൗത്ത്‌ലൈവിനെതിരെ ഇന്ന് ജന്മഭൂമി ഓണ്‍ലൈനിലും ജനം ടിവിയിലും വന്ന സോറോസ് ഫണ്ട് പറ്റാന്‍ എട്ട് മലയാളം ഓണ്‍ലൈനുമെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെയാണ് സൗത്ത്‌ലൈവ് നിയമനടപടിയിലേക്ക് കടക്കുന്നതെന്ന് സൗത്ത്‌ലൈവ് ചീഫ് എഡിറ്റര്‍ ഡോ. സെബാസ്റ്റ്യൻ പോൾ. കേന്ദ്രഭരണത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ടൂള്‍കിറ്റുകള്‍ എന്ന പേരില്‍ ജനവും ജന്മഭൂമിയും നിര്‍മ്മിച്ചിറക്കിയ വാര്‍ത്തയില്‍ സൗത്ത്‌ലൈവിന്റെ പേരും ചിഹ്നവും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് സ്ഥാപനം നിയമനടപടി ആരംഭിച്ചിരിക്കുന്നതെന്നും ചീഫ് എഡിറ്റര്‍ ഡോ. സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കുന്നു.
രാജ്യാന്തര തലത്തില്‍ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ജോര്‍ജ് സോറോസിന് കേരളത്തിലും വേരുണ്ടെന്ന് പറഞ്ഞു ഡിജി പബ് വഴി സോറോസ് ഫണ്ട് സൗത്ത്‌ലൈവ് പറ്റുന്നുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത ചമച്ചതിനെതിരെയാണ് സൗത്ത്‌ലൈവ് മാനേജ്‌മെന്റ് നിയമനടപടിയ്‌ക്കൊരുങ്ങുന്നത്. ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനില്‍ അംഗമായ എട്ട് മലയാളം ഓണ്‍ലൈനുകളുടെ പേരെടുത്ത് പറഞ്ഞാണ് സോറോസ് ഫണ്ട് കേരളത്തിലേക്ക് ഒഴുകുന്നതെന്ന് ജന്മഭൂമി സമര്‍ത്ഥിക്കുന്നത്. അഴിമുഖം മീഡിയ, ഡൂള്‍ ന്യൂസ്, സൗത്ത് ലൈവ്, ദ് ക്യൂ, ട്രൂ കോപ്പി, മലബാര്‍ ന്യൂസ്, അന്വേഷണം, ടൈംസ് കേരള ഓണ്‍ലൈന്‍ എന്നീ വാര്‍ത്ത മാധ്യമങ്ങള്‍ക്കെതിരെയും ഡിജി പബ് സംഘടനയ്‌ക്കെതിരേയും ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രനെതിരേയുമാണ് ജനത്തിന്റേയും ജന്മഭൂമിയുടേയും വാര്‍ത്ത. ആ വാര്‍ത്ത ഏറ്റുപിടിച്ച് സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കൃത്യമായി വാര്‍ത്തയെ സമീപിച്ച് കേരളത്തിന്റെ വാര്‍ത്താലോകത്തുണ്ട് സൗത്ത്‌ലൈവ്. പ്രീണന രാഷ്ട്രീയത്തിന് നിന്നുകൊടുക്കാതിരിക്കുകയും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനായി ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത് വാര്‍ത്തകളില്‍ മായം ചേര്‍ക്കാതെ മുന്നോട്ട് പോകുന്ന, വാര്‍ത്തകളോടും വായനക്കാരോടും പ്രതിബദ്ധതയുള്ള സ്ഥാപനമാണ് സൗത്ത്‌ലൈവ്. ഫണ്ട് വാങ്ങി രാഷ്ട്രീയ ടൂള്‍കിറ്റായെന്ന വ്യാജവാര്‍ത്ത സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വാസ്തവവിരുദ്ധവുമാണ്. അതിനാല്‍ ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിശബ്ദമായിരിക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടു തന്നെയാണ് സൗത്ത്‌ലൈവ് ചീഫ് എഡിറ്റര്‍ ഡോ. സെബാസ്റ്റ്യൻ പോൾ നിയമനടപടി സ്വീകരിക്കുന്നത്.
Read more
ഭരണപക്ഷത്തിന് വിടുവേല ചെയ്യുന്ന തരത്തില്‍ സംഘപരിവാര്‍ പ്രൊപ്പഗന്‍ഡ പ്രചരിപ്പിക്കുന്ന, വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ജന്മഭൂമിയില്‍ നിന്നും ജനത്തില്‍ നിന്നും യാതൊരുവിധ മാധ്യമ മര്യാദയും പ്രതീക്ഷിക്കുന്നില്ലെങ്കിലും വ്യാജവാര്‍ത്ത നിര്‍മ്മിതിയ്ക്ക് സൗത്ത്‌ലൈവിന്റെ പേര് ഉപയോഗിച്ചതിനെതിരെ ശക്തമായ നിയമനടപടികളുമായി തന്നെ മുന്നോട്ട് നീങ്ങുമെന്ന കാര്യം ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണ് സൗത്ത്‌ലൈവ് ചീഫ് എഡിറ്ററും മാനേജ്‌മെന്റും.