ബാർ കോഴയിൽ എസ്പി: ആർ സുകേശൻ കുറ്റവിമുക്തൻ; പുതിയ ഐപിഎസ് പട്ടിക പുറത്ത്

ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി: ആർ സുകേശനെ ക്രൈംബ്രാഞ്ച് കേസിൽനിന്നു കുറ്റവിമുക്തനാക്കി പുതിയ ഐപിഎസ് പട്ടിക. ശനിയാഴ്ച ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഉന്നത സംഘം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.

2015ലെ പട്ടിക ഒരു മാസം മുൻപ് കേന്ദ്രത്തിലേക്കയച്ചിരുന്നെങ്കിലും വ്യക്തത തേടി കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. വീണ്ടും തിരുത്തലോടെയാണ് ഇപ്പോൾ നൽകിയിരിക്കുകയാണ്. 2015ൽ നാലും 2016ൽ പതിമൂന്നും ഐപിഎസ് ഒഴിവുകളാണു കേരളത്തിനുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടിക വളരെ നേരത്തേ നൽകി ഉദ്യോഗസ്ഥർക്ക് ഐപിഎസ് നേടിക്കൊടുത്തിരുന്നു. കേരളത്തിൽ ഐഎഎസ്, ഐഎഫ്എസ് ഒഴിവുകളിലേക്ക് അർഹരായവരുടെ പട്ടിക നേരത്തേ തന്നെ അയച്ചു.

ഐപിഎസ് പട്ടിക വന്നപ്പോൾ വേണ്ടപ്പെട്ട ചിലരെ വെള്ളപൂശേണ്ടതിനാൽ പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിലേക്കു കഴിഞ്ഞ മേയിൽ അയച്ച 2015, 2016 വർഷങ്ങളിലെ പട്ടിക വീണ്ടും ഡിജിപി മടക്കി അയച്ചിരുന്നു. 2016ലെ 13 ഒഴിവുകളിൽ 33 പേരുടെ പട്ടികയാണു പൊലീസ് ആസ്ഥാനത്തു തയാറാക്കിയത്. ഇതിൽ, സീനിയോറിറ്റിയിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വയം വിരമിച്ചതിനാൽ പട്ടിക 32 ആയി. ഇതിലാണു എസ്പി: സുകേശനും ഉൾപ്പെട്ടത്.

എന്നാൽ, ബാർ കോഴക്കേസിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തതിനാൽ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കില്ലെന്നു വ്യക്തമായതോടെ ആ കേസ് ഉടൻ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിക്കുകയായിരുന്നു. തുടർന്നാണു ബാർ ഹോട്ടലുടമ ബിജു രമേശും സുകേശനും ഉൾപ്പെട്ട ക്രൈംബ്രാഞ്ച് കേസ് തെളിവില്ലെന്ന കാരണത്താൽ എഴുതിത്തള്ളിയത്.

ബാർ കേസിൽ ബിജു രമേശും സുകേശനും ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡിയാണ് ഉത്തരവിട്ടത്. തുടർന്ന്, സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.