കേരളത്തിലെ പ്രളയ പരിഹാരത്തിന് ബഹിരാകാശ സാങ്കേതികവിദ്യ: ഐഎസ്ആര്‍ഒയുടെ സഹായം തേടി കേന്ദ്രമന്ത്രി; ഇസ്രോ ചെയര്‍മാനുമായി ചര്‍ച്ച നടത്തി സുരേഷ് ഗോപി

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ പ്രളയ സാധ്യത മുന്‍കൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ബഹിരാകാശ ഗവേഷണസംഘടനയുമായി (ഐ.എസ്.ആര്‍.ഒ.) അദേഹം ചര്‍ച്ച നടത്തി. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ.യുടെ ആസ്ഥാനമായ അന്തരീക്ഷഭവനിലെത്തിയായിരുന്നു ചര്‍ച്ച. രാജ്യത്തുടനീളം പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള തീവ്രപ്രളയസാഹചര്യത്തെ വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇതിനുള്ള പിന്തുണ ഡോ. എസ്. സോമനാഥ് ഉറപ്പുനല്‍കി. വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്താനും പുനരധിവാസമേഖലകള്‍ തിരിച്ചറിയാനും സഹായിക്കുന്ന ബഹിരാകാശാധിഷ്ഠിത വിവരങ്ങളും ഉയര്‍ന്ന റെസലൂഷനുള്ള ഭൂപ്രദേശങ്ങളുടെ ഡേറ്റയും ലഭ്യമാക്കാന്‍ ഐ.എസ്.ആര്‍.ഒ.യുടെ പിന്തുണ വാഗ്ദാനംചെയ്തു. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാധ്യതകളെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും യോജിപ്പിച്ചുള്ള മാതൃക വികസിപ്പിക്കുകയെന്ന നിര്‍ദേശവും സോമനാഥ് മുന്നോട്ടുവെച്ചു. ദുരന്തനിവാരണം ബഹിരാകാശ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വികസിപ്പിക്കാവുന്നതാണെന്നും പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത അടിയന്തരമായി വിലയിരുത്തണമെന്ന് സുരേഷ് ഗോപി പറഞ്ഞു.