കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച തന്നെ നടക്കും. ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് സഭ നിശ്ചിത തീയതിയില്‍ ചേരുക. അടിയന്തര സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു.
സഭ ചേരേണ്ട അടിയന്തര പ്രാധാന്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യം വിശദീകരിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെയാണ് ഭിന്നതയുടെ മഞ്ഞുരുകിയത്. സര്‍ക്കാരുമായി തര്‍ക്കം എന്ന നിലയിലേക്ക് നിയമ വ്യവഹാരം പോകാന്‍ ഗവര്‍ണര്‍ക്ക് താത്പര്യമില്ല. വ്യാഴാഴ്ച സഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. 23 ന് ചേരാന്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനം ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന് മാറ്റിവയ്ക്കുകയായിരുന്നു .
കേന്ദ്രത്തിന്‍റെ കര്‍ഷക നിയമത്തിനെതിരായി നിയമസഭയില്‍ പ്രമേയം പാസ്സാക്കാനുള്ള സര്‍ക്കാരിന്‍റെ ആദ്യനീക്കത്തെ ഗവര്‍ണര്‍ തടഞ്ഞിരുന്നു. സഭ ചേരാനുള്ള അടിയന്തിര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചെങ്കിലും ഈ വര്‍ഷത്തെ അവസാന ദിവസം തന്നെ സഭ ചേര്‍ന്ന് പ്രമേയം പാസ്സാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ ഗവര്‍ണര്‍ക്കുള്ള അതൃപ്തി മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് മന്ത്രിമാരും സ്പീക്കറും ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. ഇതോടെ അയഞ്ഞ ഗവര്‍ണര്‍ പ്രത്യേക സഭാസമ്മേളനത്തിനുള്ള അനുമതി നല്‍കിയത്.