ലൈംഗികാധിക്ഷേപ പരാതിയില്‍ ഇന്ന് ജാമ്യം നേടിയ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ആരോപണം. ഉന്നത ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാരും അനുയായികളും ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നത ഉദ്യോഗസ്ഥന്‍ ജയിലില്‍ നേരിട്ടെത്തിയത് ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് ആരോപണം. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. ഉത്തരവ് ഉച്ച കഴിഞ്ഞ് 3:30 ന് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.ദ്വയാര്‍ത്ഥം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കസ്റ്റഡി ഇനി ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി കേസില്‍ മൂന്നരക്ക് വിധി പറയാന്‍ മാറ്റി.
അതേസമയം സമൂഹത്തിന് പാഠമാകുന്ന തീരുമാനം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപം പതിവാക്കിയ ആളെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായി ജയിലില്‍ കഴിയുകയാണ് ബോബി ചെമ്മണ്ണൂര്‍. ഒരേ കുറ്റകൃത്യം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്. നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമര്‍ശങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും നിരവധി നടത്തിയിട്ടുണ്ട്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.