അറപ്പുളവാക്കുന്ന തരത്തില്‍ സംസാരിച്ചു, ശരീരത്തില്‍ തൊട്ടു; ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത് യുവതി

വയനാട്ടില്‍ ബസിനുള്ളില്‍ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ റോഡില്‍വെച്ച് കൈകാര്യം ചെയ്ത് യുവതി. പനമരം സ്വദേശിയായ സന്ധ്യയാണ് അപമര്യാദയായി പെരുമാറിയ ആളെ തനിച്ച് നേരിട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.

നാലാം മൈലില്‍ നിന്ന് വേങ്ങപ്പള്ളിയിലേക്ക് പോവുകയായിരുന്നു സന്ധ്യ. അപ്പോഴാണ് വഴിയില്‍ വച്ച് മദ്യപനായ ഒരാള്‍ ബസ്സില്‍ കയറിയത്. അയാള്‍ തന്റെ തൊട്ടടുത്ത് വന്നിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങിയെന്നും സന്ധ്യ പറയുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തയ്യാറായില്ല. തുടര്‍ന്ന് കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് തന്നേയും കണ്ടക്ടറേയും തെറിവിളിച്ചുവെന്നും സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

ബസിന് മുന്നില്‍ നിന്നുകൊണ്ട് ഇയാള്‍ തന്നെ നോക്കി കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ‘ഐ ലവ്യൂ, നിന്നെ ഞാന്‍ കെട്ടും, നിന്നെ ഞാന്‍ കൊണ്ടോവും’ എന്നൊക്കെ പറഞ്ഞ് തന്റെ മുഖത്ത് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്നും സന്ധ്യ പറഞ്ഞു.

Read more

ബസില്‍ ഉണ്ടായിരുന്ന ബാക്കി ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും സന്ധ്യ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ട് പ്രശ്‌നം താന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.