ബിജെപിയില്‍ അംഗത്വമെടുത്ത ഫാ. ഷൈജു കുര്യന്‍ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. ഫാ. മാത്യുസ് വാഴക്കുന്നം ആണ് ഇത് സംബന്ധിച്ച് വനിത കമ്മീഷനില്‍ പരാതി നല്‍കിയത്. നിയമ നടപടിക്ക് ജില്ലാ പൊലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സ്ത്രീയുടേതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വൈദികന്‍ സഭാ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. ബിജെപിയില്‍ അംഗത്വമെടുത്ത ഷൈജു കുര്യനെതിരെ ഓര്‍ത്തഡോക്‌സ് സഭ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി.
ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി.
ഇതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിമസ്ത് സ്‌നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.