കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗൂണ്ടായിസമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മറ്റൊരിടത്തും കേരളത്തിലേത് പോലുള്ള സ്ഥിതിവിശേഷമില്ല. സിപിഎമ്മിന്റെ ഗുണ്ടകളെ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തുടരുകയാണ്. പണിമുടക്കിന് ജനപിന്തുണയില്ല. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകള്‍ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ജനദ്രോഹപരമാണെന്നും മുരളീധരന്‍ ആരോപിച്ചു.
പൊലീസ് മഞ്ഞ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നയം ഭരണഘടനയുടെ ലംഘനമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.