ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും; കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടനത്തിന് ഇക്കൊല്ലവും സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്നും ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല സ്പോട്ട് ബുക്കിംഗ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. മാലയിട്ട് വരുന്ന ഒരാള്‍ പോലും ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

ഇനിയും 32 ദിവസമുണ്ട്. ചില ആളുകള്‍ ഇതിനെ സുവര്‍ണാവസരമായി കാണുന്നുവെന്നും എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമര്‍ശിച്ചു. അതേസമയം ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.