ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മികച്ച വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും കേരളത്തില്‍ ഒറ്റ സീറ്റു പോലും നേടാനാകാത്തതില്‍ കടുത്ത നിരാശയാണ് പാര്‍ട്ടിക്ക്. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പൊലിഞ്ഞത്.
തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
അപ്രതീക്ഷിത തിരിച്ചടിയാണ് കഴക്കൂട്ടത്തും, വട്ടിയൂര്‍കാവിലുമുണ്ടായത്. തിരുവനന്തപുരത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പോയി.
മധ്യകേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റവുമധികം ഉപയോഗിച്ചത് ഈ മേഖലയിലായിരുന്നു. എന്നാല്‍ എറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലൊന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. നേട്ടം പ്രതീക്ഷിച്ച തൃശൂരും പത്തനംതിട്ടയും ബി.ജെ.പിക്ക് നിരാശയാണ് സമ്മാനിച്ചത്.
വടക്കന്‍ മേഖലയിലും സ്ഥിതി മെച്ചമല്ല. കോഴിക്കോട് അല്‍പം വോട്ടു കൂടിയതാണ് ചെറിയ ആശ്വാസം. വടകരയില്‍ വോട്ടിംഗ് ശതമാനം കുറയുകയും ചെയ്തു.
Read more
ബി.ജെ.പിക്കു ലഭിക്കേണ്ടിയിരുന്ന വലിയൊരു ശതമാനം വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള അമര്‍ഷം കോണ്‍ഗ്രസിന് വോട്ടായി ലഭിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇതോടെ സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതുകൊണ്ടു തന്നെ ശ്രീധരന്‍പിള്ളയ്ക്ക് അദ്ധ്യക്ഷസ്ഥാനം നഷ്ടമായേക്കും.