'പൊലീസ് കൊന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് എന്തിനാണ്?; ജനകീയമായ ഇടപെടലില്‍ മാത്രമേ കിട്ടുകയുള്ളൂ, അതുവരെ എന്നെ ഉപേക്ഷിക്കരുത്...

ദീന ദയാല്‍

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന്റെ സമരം സോഷ്യല്‍ മീഡയയുടെ ഇടപെടലിലൂടെ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. 763 ദിവസം മാധ്യമങ്ങളും മാറി വന്ന സര്‍ക്കാരുകളും രാഷട്രീയക്കാരും അവഗണിച്ചിട്ടും സമര വിജയത്തിലേക്ക നീങ്ങുകയാണ്. സമരത്തെക്കുറിച്ച് ശ്രീജിത്ത് “സൗത്ത്‌ലൈവ്”നോട് പറഞ്ഞത് ഇങ്ങനെ

“സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായപ്പോഴാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആളുകള്‍ എത്തിത്തുടങ്ങിയത്. നേരത്തെ സമരത്തിന്റെ 400 ദിനം പിന്നിട്ടപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏതോ രീതിയില്‍ അത് ബ്ലോക്ക് ചെയ്യപ്പെട്ടു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജനകീയമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഇതിന് ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളു. പരിഹാരം കാണും വരെ എന്നെ ഉപേക്ഷിക്കരുത് എന്ന അപേക്ഷ മാത്രമേയുള്ളു.

ഏഴ് മാസം മുമ്പ് സിബിഐയ്ക്ക് കൈമാറിയെന്ന് പറഞ്ഞ സൂചന പ്രകാരം, ഒരു വിജ്ഞാപനം കൈമാറിയെന്നു പറയുകയാണ് ഉണ്ടായത്. സെക്രട്ടറിയേറ്റിനു ഉള്ളില്‍ പോയപ്പോള്‍ അതിന്റെ ഉത്തരവ് എനിക്ക് തന്നില്ല. എന്നാല്‍ നിരവധി തവണ വീണ്ടും നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു പ്രതികരണം ഉണ്ടായില്ല. എന്റെ സമരം മറ്റ് പല ആവശ്യത്തിനാണ് എന്ന വ്യാജ പ്രചരണം നടത്തുകയാണ് ഉണ്ടായത്. പൊലീസ് ചെയ്യുന്ന കൊലപാതകത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് എന്തിനാണ്. സര്‍ക്കാര്‍ എന്നെ വഞ്ചിക്കുകയാണ് ചെയതത്.- ശ്രീജിത്ത് പറഞ്ഞു

അതേസമയം ശ്രീജിത്തിന്റെ സമരത്തിന് ചൂടുപിടിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സമരം 763 ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടത്. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.