അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയിരുന്ന ശ്രീജിത്ത് സോഷ്യല്‍മീഡിയ കൂട്ടായ്മയ്‌ക്കെതിരെ സുപ്രധാന വെളിപ്പെടുത്തുലമായി രംഗത്ത്. മനോരമയോടെയാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്. സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ പലരും സമരം മുതലെടക്കാന്‍ ശ്രമിച്ചു. പണം പിരിവ് നടത്തി ചിലര്‍ തന്നെ മാനസികമായി പ്രയാസപ്പെടുത്തിയെന്നും ശ്രീജിത്ത് പറഞ്ഞു.
പക്ഷേ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ മറ്റു ചിലര്‍ അവസാനം വരെ കൂടെ നിന്നിരുന്നു. കേസില്‍ പ്രതിയായ പൊലീസുകാരന്‍ തന്റെ നാട്ടുകാരനാണ്. അതു കൊണ്ട് നാട്ടില്‍ നില്‍ക്കാന്‍ പേടിയുണ്ട്.
782 മത്തെ ദിവസം സമരം അവസാനിപ്പിച്ച ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നു ആരോഗ്യം വീണ്ടെടുത്ത് ശ്രീജിത്ത് വീട്ടിലേക്ക് മടങ്ങും.
ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. 782 ദിവസത്തിലേറെ നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരത്ത് വന്നിരുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരുടെ പിന്തുണയും ശ്രീജിത്തിന് ലഭിച്ചു.
ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ കെ.നാരായണകുറുപ്പ് നേരെത്ത അഭിപ്രായപ്പെട്ടു. കസ്റ്റഡിയില്‍ നടന്ന കൊലപാതകം മറച്ചുവയ്ക്കാന്‍ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2014 മെയ് 21നാണ് ശ്രീജീവ് മരിച്ചത്.