മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ മുഖ്യ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് പിൻവലിച്ചു. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിക്കാൻ പാടില്ലെന്ന ചട്ടം മറികടന്നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായാണ് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നത്. സിറാജ് ദിനപത്രം മാനേജ്മെൻറ് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ കമ്മീഷൻ തിരിച്ചുവിളിച്ചത്.
ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ. യൂസുഫിനെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ച് വിളിച്ചിട്ടുണ്ട്. ഇരുവർക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജാഫർ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
സിവില്‍ സര്‍വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.
തമിഴ്നാട്ടിലെ തിരുവൈക നഗർ, എഗ്മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നൽകിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങൾ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞയാഴച സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി മാറ്റിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.