ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെ.എം ബഷീറിന്റെ മരണത്തില്‍ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ അനുസരിച്ച് നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി.

നരഹത്യാ കേസ് റദ്ദാക്കാന്‍ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ല. സുപ്രീംകോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാന്‍ പാടില്ല. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെടുന്നത്. മ്യൂസിയം സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുമ്പിലായിരുന്നു അപകടം.