മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെപി അനിൽകുമാറിന്റെതാണ് ഉത്തരവ്. കേസിൽ ഡിസംബർ 11 ന് ഹാജരാകാനാണ് നിർദേശം.
കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് കനത്ത തിരിച്ചടിയായി വിചാരണക്കോടതിയുടെ ഉത്തരവ്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റിവിഷൻ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ നരഹത്യകുറ്റം നിലനിൽക്കില്ലെന്ന് വാദം സുപ്രീംകോടതി തള്ളുകയും വിചാരണ നേരിടണമെന്ന് ഉത്തരവിടുകയും ആയിരുന്നു. ഓഗസ്റ്റ് 25 നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെട്ടത്.
കേസിൽ നേരത്തെ വിചാരണ കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരായി 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കേടതിയുടെ വിധി. വിധി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമം. എന്നാല്‍ കുറ്റപത്രത്തിനൊപ്പമുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സെഷന്‍സ് കോടതി നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ടത്.
Read more
അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവുനശിപ്പിക്കാനാണിത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.