ഷിരൂര്‍ മണ്ണിടിച്ചലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു..
വയനാട് ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ഛനേയും അമ്മയേയും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും ഒരു രക്ഷിതാവിനെ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. വനിതാ-ശിശു വികസന വകുപ്പാണ് തുക നല്‍കുക.
വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങള്‍ വളരെ വലുതാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇതുവരെ അത്തരമൊരു സഹായം നല്‍കുന്ന നില ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യര്‍ത്ഥിച്ചത്.
ഈ വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാന്‍സ് ആയി ഇപ്പോള്‍ അനുവദിച്ചതായാണ് ഒക്ടോബര്‍ ഒന്നിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താകുറിപ്പില്‍ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല.
Read more
വയനാട് ദുരന്ത ഘട്ടത്തിലും തുടര്‍ന്നും സംസ്ഥാനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.