എറണാകുളം- അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ സംഭവത്തില്‍ നടപടി എടുത്ത് പൊലീസ്. ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിലിക്ക അടച്ചിടാന്‍ നിര്‍ദേശം നല്‍കി. പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ആര്‍ഡിഒയുടെ തീരുമാനം വരുന്നത് വരെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു.
ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതിനെ ചൊല്ലിയാണ് രാവിലെ ബസിലിക്കയില്‍ സംഘര്‍ഷം ഉണ്ടായത്. കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്ന സംഘം ശനിയാഴ്ച രാത്രി തന്നെ ബസിലിക്കയുടെ മുറ്റത്ത് എത്തിച്ചേരുകയായിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു.
ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസിലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത്.
ആര്‍ച്ച് ബിഷപ്പിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചു. ഇതോടെ വിശ്വാസികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആര്‍ച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ അതിരൂപതാ ആസ്ഥാനത്തേക്ക് ഗേറ്റ് ചവിട്ടിപ്പൊളിച്ച് തള്ളിക്കയറുകയായിരുന്നു.
2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയും തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പല ദിവസങ്ങളിലും ഇതിനെ ചൊല്ലി എറണാകുളം- അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.