വിവാദങ്ങള്‍ക്കിടെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ നാലിനം പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അവശ കലാകാരന്‍മാര്‍, അവശ കായിക താരങ്ങള്‍, സര്‍ക്കസ്, വിശ്വകര്‍മ്മ തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷനാണ് ധനവകുപ്പ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നാല് വിഭാഗങ്ങള്‍ക്കും ക്ഷേമ പെന്‍ഷന്‍ 1,600 രൂപയായി വര്‍ദ്ധിപ്പിച്ചതായാണ് ധനമന്ത്രി അറിയിച്ചത്. നിലവില്‍ അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാണ്. സര്‍ക്കസ് കലാകാരന്മാര്‍ക്ക് 1200 രൂപയും അവശ കായിക താരങ്ങള്‍ക്ക് ലഭിക്കുന്നത് 1300 രൂപയുമാണ്. വിശ്വകര്‍മ്മ പെന്‍ഷനായി 1400 രൂപയാണ് നിലവില്‍ നല്‍കുന്നത്.

Read more

അങ്കണവാടി ആശ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആശ വര്‍ക്കര്‍മാരുടെ വേതനം ആയിരം രൂപ വരെയാണ് ഉയര്‍ത്തിയിട്ടുള്ളത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അങ്കണവാടി ആശ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് ആയിരം രൂപ വര്‍ദ്ധിപ്പിച്ചത്. പത്ത് വര്‍ഷം സേവന കാലാവധി തികയാത്തവര്‍ക്ക് സര്‍ക്കാര്‍ 500 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.