തലസ്ഥാനത്ത് കലയുടെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി എട്ട് വരെയുള്ള ദിവസങ്ങളില്‍ നടക്കും. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നൂറ്റിയൊന്നും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തില്‍ പത്തൊമ്പതും അറബിക് കലോത്സവത്തില്‍ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക.

വിവിധ ജില്ലകളില്‍ നിന്നും ഓണ്‍ലൈനായി ഏകദേശം 700 ഓളം രജിസ്ട്രേഷനുകള്‍ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ ചുമതല വോളന്റിയര്‍മാരെ ഏല്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സേവകരുടെ മികച്ച പ്രവര്‍ത്തനം ആവശ്യമാണ്. എന്‍ എസ് എസ്, എന്‍ സി സി ഉള്‍പ്പടെ 5,000 ത്തോളം വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വോളന്റിയര്‍മാര്‍ക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വസന്തോത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് ജനുവരി 8 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.