സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ ഡിസംബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവമാണ് ജനുവരിയിലേക്ക് മാറ്റിയത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ 4ന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക.

പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ നടക്കുന്ന കാര്യം സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ അവര്‍ക്കും കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബര്‍ 12 മുതല്‍ 20 വരെ ക്രിസ്തുമസ് പരീക്ഷയും തുടര്‍ന്ന് 21 മുതല്‍ 29 വരെ ക്രിസ്തുമസ് അവധിയുമാണ്.

Read more

ഇതോടെയാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്. ഇതോടെ സ്‌കൂള്‍ തല കലോത്സവവും ഉപജില്ല-ജില്ല തല കലോത്സവങ്ങളുടെയും തീയതി മാറ്റിയിട്ടുണ്ട്. സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കണം. ഉപജില്ല മത്സരങ്ങള്‍ നവംബര്‍ 10ന് ഉള്ളിലും ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 3ന് അകവും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശമുണ്ട്.