സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ് അവധി നല്‍കിയത്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപനത്തോട് അടുക്കുമ്പോള്‍ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം മുറുകുന്നു. നിലവിലെ പോയിന്റ് നില അനുസരിച്ച് കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.