'സ്വയം മാറി നിന്നു, വീട്ടിലേക്ക് വിളിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു'; വിദ്യാർത്ഥികളുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പൊലീസ്

വിദ്യാർത്ഥികളുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പൊലീസ്. കോഴിക്കോടാണ് സംഭവം. വീട്ടിൽ നിന്നും സ്വയം മാറിനിന്ന പത്താം ക്ലാസ് വിദ്യാർഥി പിന്നീട് സുഹൃത്തുക്കളെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നാടകം മനസിലാക്കിയ പൊലീസ് അത് പൊളിച്ചടക്കി കൈയിൽ കൊടുത്തു.

കടം വീട്ടാനാണ് വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം അരങ്ങേറിയത്. സംഭവത്തിൽ പിടിയിലായ മൂന്ന് 10 ആം ക്ലാസ് വിദ്യാർത്ഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ബൈക്ക് കടം വാങ്ങിയ പണം സുഹൃത്തുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ ആണ് വിദ്യാർത്ഥി നാടകം ഒരുക്കിയത്.

വീട്ടിലേക്ക് വിളിച്ച് തന്നെ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ് 5 ലക്ഷം രൂപ ആവശ്യപ്പെടാൻ സുഹൃത്തുക്കളോട് പറയുകയായിരുന്നു വിദ്യാർത്ഥി. പിന്നാലെ സുഹൃത്തുകൾ വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നാടകമാണെന്ന് അറിഞ്ഞത്.

Read more