തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളും എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ(12) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്.
കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്.
രണ്ട് വാക്സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.