മാലിന്യ പ്രശ്‌നത്തില്‍ അന്ധമായ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി എംബി രാജേഷ്. റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.
സര്‍ക്കാരിന് ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. റെയില്‍വേയുടെ ഭൂമിയില്‍ സര്‍ക്കാരിനോ നഗരസഭയ്‌ക്കോ നേരിട്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. റെയില്‍വേയുടെ അധീനതയില്‍ വരുന്ന സ്ഥലത്തെ മാലിന്യ സംസ്‌കരണം റെയില്‍വേയുടെ ഉത്തരവാദിത്വമാണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ജോയിയുടെ മരണത്തില്‍ സര്‍ക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും പ്രതിക്കൂട്ടിലാക്കാനാണ് ചിലര്‍ക്ക് വ്യഗ്രത. മാലിന്യ സംസ്‌കരണം ഒരു പ്രത്യേക വ്യക്തിയുടെ ഉത്തരവാദിത്വമല്ല. എല്ലാവരുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിന് നല്ല ഫലമുണ്ടായിട്ടുണ്ട്. ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യഗ്രത കാണിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രതിപക്ഷ നേതാവടക്കം ശ്രമിച്ചത്. രാഷ്ട്രീയമായ കുറ്റപ്പെടുത്തലിന് അദ്ദേഹത്തിന് അല്‍പംകൂടി കാക്കാമായിരുന്നു. ആ വിവേകം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
ദുരന്തത്തില്‍നിന്ന് ലഭിക്കുന്ന രാഷ്ട്രീയ ലാഭത്തെക്കുറിച്ചുള്ള സന്തോഷം മാത്രമോര്‍ത്ത് ചാടിവീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മാലിന്യസംസ്‌കരണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ദുരന്തത്തില്‍ ഓരോ വ്യക്തിക്കും കുറ്റബോധമുണ്ടാകണം. മാലിന്യ നീക്കത്തില്‍ സര്‍ക്കാരിന്റെ പ്രയത്‌നത്തെ ഹൈക്കോടതി പലതവണ അംഗീകരിച്ചിട്ടുണ്ട്.
മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പ്രതിപക്ഷ സഹകരണം ഉണ്ടാകണം. ഇക്കാര്യത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.