അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ബസുകളില്‍ സ്പീഡ് ഗവര്‍ണറുകളും ജി. പി. എസും നിര്‍ബന്ധമാക്കും. ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ജി. പി. എസ് സംവിധാനം ഉണ്ടാവണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായാണ് പരാതി. കോണ്‍ട്രാക്ട് കാര്യേജുകളുടെ നിരക്കിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫെയര്‍ സ്റ്റേജ് നിര്‍ണയിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് അഭ്യര്‍ത്ഥിക്കും. ഇത്തരം വാഹനങ്ങള്‍ ചരക്ക് കൊണ്ടു പോകുന്നത് കര്‍ശനമായി തടയും. ഇതിന് പോലീസിന്റേയും നികുതി വകുപ്പിന്റേയും സഹായം തേടും. എല്‍. എ. പി. ടി ലൈസന്‍സുള്ള ഏജന്‍സികള്‍ മുഖേനയാണ് ഇപ്പോള്‍ ബുക്കിംഗ് നടത്തുന്നത്. ഇവയുടെ പ്രവര്‍ത്തനം പരിശോധിച്ചു വരികയാണ്. 46 എണ്ണം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അടച്ചു പൂട്ടാന്‍ നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
കെ. എസ്. ആര്‍. ടി. സിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിസാര കാരണങ്ങളാല്‍ റദ്ദാക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക കാരണങ്ങളാല്‍ ബസ് ഓടിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പകരം ബസ് ലഭ്യമാക്കണം. പകരം ബസ് ലഭ്യമാക്കിയില്ലെങ്കില്‍ വാടക ബസ് കരാര്‍ റദ്ദാക്കുമെന്ന് ബസ് നല്‍കിയ കമ്പനിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസുകള്‍ കൂടുതല്‍ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതല ചര്‍ച്ച നടത്തും. ബാംഗ്ളൂരില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ റെയില്‍വേ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പോലീസ് സഹകരണത്തോടെ ഗതാഗത വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് പരിശോധനയില്‍ ബുധനാഴ്ച വരെ 259 കേസുകളെടുത്തു. 3.74 ലക്ഷം രൂപ പിഴ ഈടാക്കിയതായും മന്ത്രി പറഞ്ഞു. 19 ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തി. മൂന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ ചരക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് മന്ത്രി പറഞ്ഞു.