വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ നിയമലംഘനം കണ്ടെത്തിയ ബസുകളില്‍ വിനോദ യാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു. കോഴിക്കോട് നിയമം ലംഘിച്ച 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുത്തു.
കോഴിക്കോട് 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് ഒറ്റ ദിവസം കൊണ്ട് കേസെടുത്തത്. അനധികൃത രൂപമാറ്റം, നിരോധിത ഹോണ്‍, സ്പീഡ് ഗവേര്‍ണര്‍ ഊരിയിട്ടതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. അഞ്ച് ബസുകളെ വിലക്കി. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ചതിനും ബസില്‍ എയര്‍ഹോണുകളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചതിനുമാണ് നടപടി. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ബസുകള്‍ പരിശോധനക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കൊല്ലം കൊട്ടാരക്കരയില്‍ തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളജില്‍ നിന്നും നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു. ലണ്ടന്‍ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് നിയമലംഘനം നടത്തിയത്. ഈ ബസിലും സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിരുന്നില്ല. കൂടാതെ വാഹനത്തില്‍ നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളൂം വലിയ ശബ്ദ സംവിധാനവും പുക പുറത്തു വിടുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.