കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ് രാത്രി 12.30 ഓടെയാണ് മരിച്ചത്.
ഞായറാഴ്ച ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാനാണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നിച്ചത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിച്ചു. ഡാൻസ് തീരുംമുമ്പ് പാട്ട് വെച്ച മൊബൈൽ ഫോൺ ഓഫായി. ഇതോടെ താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതിലുള്ള പകയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലായ വിദ്യാർഥകൾ പൊലീസിനോട് പറഞ്ഞു.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. താമരശേരി സ്കൂളിലെ കുട്ടികളെ നേരിടാനായി ട്യൂഷൻ സെന്ററിൽ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തി. വിദ്യാർത്ഥികളുടെ കൈവശം നഞ്ചക്ക്, ഇടിവള എന്നിവ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അതെ സമയം കൊല്ലണമെന്ന് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇതെന്നാണ് പിതാവിന്റെ ആരോപണങ്ങൾ. വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ചാറ്റ് പുറത്തുവന്നു. കൂട്ടത്തല്ലിൽ മരിച്ചാൽ വിഷയമില്ലെന്ന് വിദ്യാർത്ഥികളുടെ ചാറ്റിൽ പറയുന്നു.
പൊലീസ് കേസെടുക്കില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്ന വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ ശേഷം ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. വധശ്രമം ചുമത്തിയ കേസിൽ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തും.