തിരുവനന്തപുരത്ത് വീട്ടിൽ ദൂരൂഹസാഹചര്യത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോട്ടിലാണ് നടുക്കുന്ന വിവരങ്ങൾ ഉണ്ടായിരുന്നത്. കുട്ടി പലതവണ ലൈംഗിക പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പീഡനത്തെ തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. തലയോട്ടിയിൽ രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായി പറയുന്നത്. ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായും സൂചനയുണ്ട്.
മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ആദ്യം കേസെടുത്തത് അസ്വാഭാവിക മരണത്തിനായിരുന്നവെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതോടെ ലൈംഗിക പീഡന വകുപ്പുകൾ കൂടി ചേർത്തിട്ടുണ്ട്. കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. സഹപാഠികളുടേയും, സുഹൃത്തുക്കളുടേയും മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. ലഹരി മാഫിയ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.നഗരത്തിലെ പ്രമുഖ സർക്കാർ സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. ഇവിടെ ഇതിനു മുൻപും ലഹരിമാഫിയയുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more
മൂന്നാഴ്ച മുമ്പാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ വിദ്യാർത്ഥിനി മരിച്ചത്. മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.