വിദ്യാര്‍ത്ഥികള്‍ വ്യാജ പ്രചാരണം നടത്തുന്നു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരുടെ കൂട്ടരാജി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരുടെ കൂട്ടരാജി. അഞ്ച് വനിത പുരുഷ ഹോസ്റ്റലുകളിലെ വാര്‍ഡന്മാരാണ് രാജി വച്ചത്. ലഹരി വില്‍പ്പനയ്ക്കും, റാഗിങിനുമെതിരെ നിലപാട് എടുത്തതന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി. ബൂട്ട്‌സ് ഇട്ട് ചവിട്ടിയെന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആരോപിച്ച ഹോസ്റ്റല്‍ ചീഫ് വാര്‍ഡന്‍ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസ് ഉള്‍പ്പടെയാണ് സ്ഥാനം ഒഴിയുന്നതായി കാണിച്ച് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വാര്‍ഡന്മാര്‍ക്കെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹോസ്റ്റലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ സന്തോഷ് കുര്യാക്കോസ് മര്‍ദ്ദിച്ചെനനായിരുന്നു പരാതി. വാര്‍ഡനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ജൂനിയര്‍ കുട്ടികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ മാറാന്‍ നിര്‍ദ്ദേശിച്ചിട്ടും മാറാത്തവരാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വാര്‍ഡന്‍ പറഞ്ഞത്്.

ഹോസ്റ്റലുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി വാര്‍ഡന്മാര്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇതും വ്യാജപ്രചാരണങ്ങള്‍ക്ക് കാരണമായെന്ന് രാജി വച്ചവര്‍ പറഞ്ഞു. വനിതാ വാര്‍ഡന്മാരെയും സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. ഇനയും തുടരാാനാകില്ലെന്ന് കാണിച്ചാണ് അഞ്ച് പേരും രാജി വയ്ക്കുന്നതായി അറിയിച്ചത്.

മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളും വാര്‍ഡന്മാരും തമ്മില്‍ ദിവസങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാര്‍ഡില്‍ കയറി പ്രകടനം നടത്തിയ വിദ്യര്‍ത്ഥികള്‍ക്കെതിരെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആശുപത്രിയില്‍ അതിക്രമിച്ച് കയറിയതിനും പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. വാര്‍ഡനെതിരെ വിദ്യാര്‍ത്ഥികളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.