പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് മാനസികമായി പീഡിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി പരീക്ഷാ പരിഷ്‌കരണ സമിതി. കോപ്പിയടി പിടിക്കുന്ന സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും ക്രമക്കേട് കണ്ടെത്തിയ ഉത്തരപേപ്പര്‍ തിരികെ വാങ്ങണം. എന്നിട്ട് അവരെ ഇറക്കി വിടുന്നതിന് പകരം പുതിയ പേപ്പര്‍ നല്‍കി പരീക്ഷ തുടരണമെന്നുമാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം പരീക്ഷയില്‍ ക്രമക്കേട് നടന്നതായി അന്വേഷണം നടത്തുമ്പോള്‍ തെളിയുകയാണെങ്കില്‍ ആ ദിവസത്തെ പരീക്ഷ മാത്ര റദ്ദാക്കാമെന്നും സമിതി പറയുന്നു. കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പാലായില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശമെന്ന് എം.ജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലറും പരീക്ഷാ പരിഷ്‌കരണ സമിതി ചെയര്‍മാനുമായ ഡോ. സി.ടി അരവിന്ദ കുമാര്‍ വ്യക്തമാക്കി.
സര്‍വകലാശാലകളിലെ ഫലപ്രസിദ്ധീകരണ രീതിയില്‍ അഴിച്ചുപണിവേണമെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പരീക്ഷ നടന്ന് മുപ്പത് ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകണമെന്നാണ് ശിപാര്‍ശ. ആവശ്യമില്ലാതെ വാരിക്കോരി മോഡറേഷന്‍ നല്‍കരുത്. ഓര്‍മ്മ പരിശോധിക്കുന്ന രീതിക്ക് പകരം അറിവ് പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷകള്‍ മാറണമെന്നും സമിതി നിര്‍ദ്ദേശിച്ചു.