വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ 18 വവിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.
ചികിത്സയിലുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്ക് പോയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു.
മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്കാണ് വിനോദയാത്ര നടത്തിയത്. സംഭവത്തിന് പിന്നില്‍ ഭക്ഷ്യ വിഷ ബാധയാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം ഉള്‍പ്പെടെ ഫാന്റസി പാര്‍ക്കില്‍ നിന്നായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ചൊവ്വാഴ്ച ആയിരുന്നു 225 വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്തിയത്. അതേ ദിവസം വൈകുന്നേരത്തോടെയാണ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതും. തുടര്‍ന്ന് കുട്ടികളെ സ്‌കൂളിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.