മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് ഒന്നര മാസത്തിലേറെയായി സബ്‌സിഡി മണ്ണെണ്ണ ലഭിക്കുന്നില്ല. സിവില്‍ സപ്ലൈസ് വഴിയും മത്സ്യഫെഡ് വഴിയും നടക്കുന്ന മണ്ണെണ്ണ വിതരണത്തിന്റെ താളം തെറ്റിയതോടെ മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. മണ്ണെണ്ണ വിതരണം നിലച്ചതോടെ പല വള്ളക്കാരും കടലില്‍ പോകാതെയായി.
ലിറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുമെന്നായിരുന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം നടപ്പായില്ലെന്ന് മാത്രമല്ല, നിലവില്‍ ഉണ്ടായിരുന്നത് കൂടെ നഷ്ടമായ സാഹചര്യമാണ് ഇപ്പോഴത്തേത്. ലിറ്ററിന് 40 രൂപ ആയിരുന്നപ്പോഴാണ് 25 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്. എന്നാല്‍ മണ്ണെണ്ണ വില 100 രൂപ കടന്നിട്ടും സബ്‌സിഡി നിരക്ക് പഴയപടി തുടരുകയാണ്.
പെര്‍മിറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് രണ്ടു മാസമായി സബ്‌സിഡി മണ്ണെണ്ണ വിതരണം നിര്‍ത്തിയിരിക്കുകയായിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തിയായിട്ടും മണ്ണെണ്ണ വിതരണം പുനരാംരംഭിച്ചിട്ടില്ല. തൊഴിാലാളികള്‍ ഇപ്പോള്‍ ആഴക്കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നില്ല. അധികം എണ്ണ ചെലാവാക്കാതിരിക്കാനായി അടുത്ത് മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. അതിനാല്‍ തന്നെ മീന്‍ ലഭ്യതയും കുറവാണ്.
കേന്ദ്രവിഹിതം വളരെക്കുറച്ചേ ലഭിക്കൂന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. മത്സ്യഫെഡിലും ലഭ്യതക്കുറവ് മൂലം കൃത്ൃമായി മണ്ണെണ്ണ വിതരണം നടക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈയ്യൊഴിയുന്ന സാഹചര്യത്തില്‍ കൊള്ളവിലകൊടുത്ത് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് ഇറങ്ങി കടക്കെണിയിലാകുകയാണ് മത്സ്യത്തൊഴിലാളികള്‍.