കെപിസിസി രാഷ്ട്രീയകകാര്യസമിതിയില്‍ നിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധാരന്റെ രാജിക്ക് പിന്നാലെ അനുനയനീക്കവുമായി നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസില്‍ നയപരമായി കാര്യങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയകാര്യസമിതിയില്‍ നിന്നാണ് മുന്‍ അധ്യക്ഷന്റെ രാജി. ഇന്നലെ ഉച്ചയക്കായിരുന്നു സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രാജിക്കത്തയച്ചത്.
ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലെയെയും അനുനയിപ്പിച്ച് കെപിസിസി പുനസംഘടനാ ചര്‍ച്ചകളിലേക്ക് കടക്കുന്ന നേതൃത്വത്തെ വെട്ടിലാക്കിയാണ് അപ്രതീക്ഷിതമായി സുധീരന്റെ രാജി പ്രഖ്യാപനം.
സുധാരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെയും ഗ്രൂപ്പുകളെയും അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടാതെയും വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ നേതൃത്വത്തിന്റെ മുന്നോട്ടുപോക്കെന്നതില്‍ സുധീരന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഡിസിസി പട്ടിക പ്രസിദ്ധീകരിച്ച രീതിയിലും, രാഷ്ട്രീയകാര്യസമിതിക്ക് സമാന്തരമായി ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും പുതിയ നേതൃത്വവും കൂടിയാലോചന നടത്തി തീരുമാനമെടുത്തതിലും സുധീരന് അമര്‍ഷമുണ്ട്.
സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. സുധീരന്റെ രാജി എന്തുകൊണ്ടെന്ന് അറിയില്ലെന്നും, അനാരോഗ്യമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും, അനുനയനീക്കം ആരംഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതി എന്താണെന്ന് അറിയില്ലെന്നും രാജിക്കത്ത് നാളെ പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. രാജിവെച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.