പത്തനംതിട്ടയിൽ പത്തൊമ്പത്കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെതിരെ പെൺകുട്ടിയുടെ അമ്മ. അധ്യാപകനിൽ നിന്ന് പെൺകുട്ടി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചു. ഗായത്രിയാണ് മരിച്ചത്.
അഗ്നിവീർ കോഴ്സ് വിദ്യാർഥിയായ മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഗായത്രിയുടെ മരണത്തിന് പിന്നിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിച്ചത്. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്ന ഗായത്രി അധ്യാപകനിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. വിമുക്ത ഭടനായ അധ്യാപകൻ കുട്ടിയോട് വൈരാഗ്യത്തോടെ പെരുമാറിയിരുന്നുവെന്നാണ് അമ്മ രാജിയുടെ മൊഴി. അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.