എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ , മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ.

കേസിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.

അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യാ കേസിൽ ഐസി ബാലകൃഷ്ണ‌ൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്ക് ജാമ്യം ലഭിച്ചത്. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പ്രതികൾ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു കോടതി ജാമ്യം നൽകിയത്.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയത്. എന്നാൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ ആണെന്നും ഒളിവിൽ പോയെന്ന വാർത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണൻ വീഡിയോ പങ്കുവെച്ചിരുന്നു.

Read more