ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതിനെ കുറിച്ച് പൊലീസ് ഇമിഗ്രേഷന്‍ ബ്യൂറോയെ വിവരം ധരിപ്പിച്ചിരുന്നു. കേസില്‍ പ്രതിയുടെ പങ്കിനെ കുറിച്ച് പഠിച്ച ശേഷമാണ് ഐബി നടപടി.

യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്തിന്റെ പങ്ക് പുറത്തുവന്നശേഷം കുടുംബം ഒളിവിലാണ്. കഴിഞ്ഞ ദിവസം സുകാന്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു, കോടതി ഉത്തരവുമായി എത്തിയ പൊലീസ് പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന രണ്ടര മണിക്കൂറോളം നീണ്ടു.

ഒരു ഹാര്‍ഡ് ഡിസ്‌കും രണ്ട് ബാങ്ക് പാസ് ബുക്കുകളും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ എസ്‌ഐ ബാലുവിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ അന്‍സാര്‍, ചങ്ങരംകുളം സ്റ്റേഷനിലെ എസ്.സി.പി.ഒ സബീഷ് എന്നിവരടങ്ങുന്ന മൂന്നംഗ സംഘം വാര്‍ഡ് മെമ്പര്‍ ഇഎസ് സുകുമാരന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്.