എന്‍ഡിഎയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്ഥാനാർത്ഥിയുടെ പ്രചാരണം തുടങ്ങി ഒരാഴ്‌ചക്കുളളിൽ കാസര്‍ഗോഡ് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്ന് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്‌ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്ര ചെയ്‌തതെന്നും നേതാക്കൾ പറയുന്നു.
ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്‌സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരിയിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസര്‍ഗോഡേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
സുൽത്താൻബത്തേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയ പണത്തില്‍ തിരിമറി നടന്നതായി പാര്‍ട്ടിക്കുള്ളിൽ ഉയർന്ന അഴിമതിയാരോപണങ്ങളും തര്‍ക്കങ്ങളുമാണ് പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാനിടയായത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലായിട്ടാണ് നടത്തിയതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സി കെ ജാനുവിന്‍റെ തിരഞ്ഞെടുപ്പ് ഫണ്ട് ഡിജിറ്റലായല്ല കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറിയായ എ.എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം ആലപ്പുഴ ജില്ലയിലേക്ക് വേണ്ടിയാണെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.