Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സുന്നി ഐക്യചര്‍ച്ച വിജയത്തിലേക്ക്; ആവേശത്തോടെ അണികള്‍, ലീഗ് നീക്കം കരുതലോടെ

, 3:42 pm

പതിറ്റാണ്ടുകളോളം ശത്രുക്കളായി പ്രവര്‍ത്തിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്ത കേരളത്തിലെ രണ്ടു മുസ്ലിം സംഘടനകള്‍ ഒന്നിക്കുന്നു. കേരളത്തിലെ മുസ്ളിം സമുദായത്തിലെ പ്രമുഖ വിഭാഗമാണ് സുന്നികള്‍. മിക്ക മഹല്ലുകളും പള്ളികളും മദ്രസകളും ഭരിക്കുന്നത് ഈ വിഭാഗമാണ്. 30 വര്‍ഷമായി ഇവര്‍ ഒരേ ആശയധാര പിന്‍തുടരുന്നവരാണെങ്കിലും സംഘടനാപരമായ ഭിന്നത കാരണം രണ്ടു വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.

മതസ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഈ മുപ്പത് വര്‍ഷത്തിനിടയില്‍ കൊലപാതകങ്ങളും അക്രമങ്ങളും വരെ നടക്കുകയും ചെയ്തിരുന്നു. മതസ്ഥാപനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട കേസുകള്‍ മിക്ക കോടതികളിലുമുണ്ട്.
ഇങ്ങനെ 30 വര്‍ഷം പരസ്പം പോരടിച്ച രണ്ടു സംഘടനകള്‍ യോജിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇരുവിഭാഗം നേതാക്കളുടേയും ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇന്നു പുറത്തുവന്നു.

സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലും കാന്തപുരം സമസ്തയുടെ മുഖപത്രമായ സിറാജിലും ഐക്യ ചര്‍ച്ച നടക്കുകയാണെന്നും അണികള്‍ ഒരു മഹല്ലിലും പ്രശ്നമുണ്ടാക്കരുതെന്നുമുള്ള സംയുക്ത പ്രസ്താവനയുണ്ട്. സുന്നികള്‍ തമ്മില്‍ ഐക്യചര്‍ച്ച നടക്കുന്നതിനാല്‍ മഹല്ലുകളില്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ചിലയിടങ്ങളില്‍ വിഷയങ്ങളുണ്ടായത് പ്രതിഷേധാര്‍ഹമാണെന്നും ഇരുവിഭാഗം നേതാക്കളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സമസ്ത ഇ.കെ വിഭാഗം നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം സമസ്തയുടെ നേതാക്കളായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇ. സുലൈമാന്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.

Advertisement