നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ ചേലക്കരയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
പാലക്കാട്ട് നടന്ന ഡിഎംകെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ഉപാധികളില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണ നല്‍കുന്നതെന്നും അന്‍വര്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെയും അന്‍വര്‍ കുറ്റപ്പെടുത്തി. സതീശന് അഹങ്കാരമാണെന്നും താന്‍ പറയുന്നതേ നടക്കൂവെന്ന ശാഠ്യമാണെന്നും അന്‍വര്‍ ആരോപിച്ചു.