പ്രണയ വിവാഹത്തിന് പിന്തുണ നല്‍കി: സി.പി.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം

കോഴിക്കോട് ഭാര്യാസഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയ യുവാവിന് നേരെ ആക്രമണം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗമായ കയ്യാലത്തോടി റിനീഷിന് നേരെയാണ് അക്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. കോവൂരിലെ തുണിക്കട അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു റിനീഷ്. വീടിന് മുന്‍വശത്ത് എത്തിയപ്പോള്‍ റിനീഷ് അല്ലേയെന്ന് ചോദിച്ചാണ് അക്രമികള്‍ എത്തിയത്. പരിചയഭാവം നടിച്ച ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും തുടര്‍ന്ന് ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ റിനീഷിന് കൈകള്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ട് വീട്ടില്‍ നിന്ന് സഹോദരിയുടെ ഭര്‍ത്താവ് ഓടി എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ചോരയില്‍ കുളിച്ച റിനീഷിനെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 21 തുന്നലൂകളുണ്ട്.

ഭാര്യയുടെ സഹോദരനായ സ്വരൂപിന്റെ പ്രണയവിവാഹത്തിന് കൂട്ട് നിന്നതിനാണ് റിനീഷിനെതിരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സ്വരൂപിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് റിനീഷ് ആരോപിച്ചു. പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. സ്വരൂപും ഭാര്യയും ഇപ്പോള്‍ വിദേശത്താണ്. ഇവരുടെ വിവാഹത്തിന് പിന്തുണ നല്‍കിയതിന് നേരത്തെയും തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നുവെന്ന് റിനീഷ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ സിപിഐ ചേവായൂര്‍ ലോക്കല്‍ കമ്മറ്റിയും സിപിഐ നോര്‍ത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ക്വട്ടേഷന്‍ നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് അവര്‍ പറഞ്ഞു. കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് റെഡ് യംഗ്‌സ് വെള്ളിമാടുകുന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കോഴിക്കോട്ടെ സാംസ്‌ക്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്‌സ് വെള്ളിമാടുകുന്നിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവുമാണ് റിനീഷ്.