എസ്എന്‍ഡിപിയുടെ തിട്ടൂരമനുസരിച്ചല്ല ഈഴവര്‍ നിലപാട് എടുക്കുന്നത്; വിഷം ചീറ്റല്‍ തടയണം; വെള്ളാപ്പള്ളി നടേശനെ ആര്‍ക്കാണ് പേടിയെന്ന് സമസ്ത മുഖപത്രം

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനെതിരെ മുഖപ്രസംഗവുമായി സമസ്തയുടെ മുഖപത്രം. ”വെള്ളാപ്പള്ളിയെ ആര്‍ക്കാണ് പേടി” എന്ന തലക്കെട്ടിലാണ് സുപ്രഭാതം ദിനപത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെയും ഇടത് വലത് മുന്നണികള്‍ക്കെതിരെയും മുഖപ്രസംഗത്തില്‍ രൂഷവിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെയാണ് ഇത്ര സമര്‍ഥമായി അതില്‍നിന്നെല്ലാം ഊരിപ്പോരുന്നത്. ഇത്രമേല്‍ അപരമതവിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാള്‍ എങ്ങനെയാണ് നവോത്ഥാനസമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. വോട്ടുബാങ്കിനെക്കുറിച്ചുള്ള ഭയമാണെങ്കില്‍ കേരളത്തിലെ 90 ശതമാനം ഈഴവരും വെള്ളാപ്പള്ളി നടേശന്റെയോ അദ്ദേഹം നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പിയുടെയോ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരോ ചിന്തിക്കുന്നവരോ അല്ലെന്ന വസ്തുതയെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കണം. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് നേതൃത്വം തുടരുന്ന മൗനവും കപടപരവും അപകടകരവും തന്നെയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് കള്ളം പറയരുത്, സത്യംമാത്രം പറയുക’- ശ്രീനാരായണഗുരു

കാലങ്ങളായി അസത്യവും അര്‍ധസത്യങ്ങളും മാത്രം പറയുന്ന വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായനേതാവിനുകൂടി ബാധകമാണ് ഇവിടെ ഉദ്ധരിച്ച ഗുരുവചനം. എല്ലാ മതങ്ങളുടെയും സന്ദേശം സത്യമാണെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നിരന്തരം വമിപ്പിക്കുന്നത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വീതംവച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിദ്വേഷപരാമര്‍ശം. ഈഴവര്‍ക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുവെന്ന പറച്ചിലില്‍ വല്ല വാസ്തവവുമുണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള ബാധ്യത എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനുണ്ട്. അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉല്‍പ്പാദക ഫാക്ടറികളെ നാണിപ്പിക്കുംവിധമുള്ള അവാസ്തവങ്ങള്‍കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത്.

രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തുനിന്നുള്ള ലോക്സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. മൂന്ന് മുസ്ലിംകള്‍ മാത്രമാണ് ഇത്തവണ കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 15 ശതമാനത്തോളം വരും മുസ്ലിംകള്‍. പേരിനെങ്കിലും ഒരു മുസ്ലിമിനെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയാറായോ? മൂന്നര കോടി വരുന്ന സംസ്ഥാന ജനസംഖ്യയില്‍ 26.56 ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. എന്നിട്ടും 21 അംഗ സംസ്ഥാന മന്ത്രിസഭയില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്ലിംകള്‍! വിദ്യാഭ്യാസരംഗത്തും സാമൂഹിക, സാമ്പത്തിക മേഖലകളിലും മുസ്ലിംകളുടെ അവസ്ഥ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സമിതി നടത്തിയ പഠനത്തില്‍ സര്‍ക്കാര്‍_പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മുസ്ലിംകളുടെ എണ്ണം ഹിന്ദു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ഒരു സര്‍ക്കാര്‍ വകുപ്പിലും 13 ശതമാനത്തിലധികം പ്രതിനിധ്യം മുസ്ലിംകള്‍ക്കില്ല. വാസ്തവം ഇതാണെന്നിരിക്കെയാണ് തങ്ങളുടെ അവസരങ്ങളെല്ലാം മുസ്ലിംകള്‍ തട്ടിക്കൊണ്ടുപോയെന്ന വെള്ളാപ്പള്ളിയുടെ കള്ളക്കരച്ചില്‍.

ഈഴവരെപ്പോലെതന്നെ കാലങ്ങളായി വിവേചനം അനുഭവിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം സമുദായവും. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം ഇരുവിഭാഗങ്ങളിനിന്നും മറ്റു പലരും തട്ടിയെടുക്കുകയാണ്. ഈ യാഥാര്‍ഥ്യമറിയാതെയാണോ ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണസമുദായങ്ങള്‍ക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണി? ആര്‍.എസ്.എസിനുള്ള ഒളിസേവയാണ് ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുകവഴി നടേശന്‍ നടത്തുന്നത്. സംസ്ഥാന ജനസംഖ്യയില്‍ 23 ശതമാനം വരും ഈഴവര്‍. നായര്‍ പ്രാതിനിധ്യമാകട്ടെ 14 ശതമാനവും. എന്നാല്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലെ സവര്‍ണാധിപത്യവും സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള നായര്‍ പ്രാതിനിധ്യവും തുലനം ചെയ്യാന്‍ വെള്ളാപ്പള്ളി നടേശന് ധൈര്യമുണ്ടോ? അപ്പോള്‍ മനസിലാകും ആരാണ് ഈഴവരുടെയും ദലിതരുടെയും മുസ്ലിംകളുടെയും പിന്നോക്ക ക്രൈസ്തവരുടെയും അവകാശാധികാരങ്ങള്‍ കവരുന്നതെന്ന്. അതിനൊന്നും മുതിരാതെ ഇസ്ലാമോഫോബിയ എന്ന സംഘ്പരിവാര്‍ അജന്‍ഡ ഈഴവരിലേക്കും പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ കുടിലതന്ത്രം.

ഇനി മന്ത്രിസഭയിലെ പ്രാതിനിധ്യ പ്രശ്നമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ആരാണെന്നുകൂടി പരിശോധിക്കണം. എല്ലാവരും നായര്‍ സമുദായാംഗങ്ങളല്ലേ. അതേക്കുറിച്ച് വെള്ളാപ്പള്ളിക്ക് മിണ്ടാട്ടമില്ലേ. ഒപ്പം കാലാകാലങ്ങളായി പല പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളാകുന്നവരും ജയിച്ചുവരുന്നവരും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലിരിക്കുന്നവരും ആരൊക്കെയാണെന്ന കണക്കുകൂടി വെള്ളാപ്പള്ളി പരിശോധിക്കേണ്ടതുണ്ട്. ഇവിടങ്ങളിലൊക്കെ ജനസംഖ്യാനുപാതത്തിനു തുല്യമായോ അധികമായോ വല്ലതും ലഭിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ വിട്ടുകൊടുക്കാന്‍ മുസ്ലിം സമുദായത്തിന് ലവലേശം മടിയില്ല. മറിച്ചാണെങ്കില്‍ അനര്‍ഹമായ അധികാരങ്ങളൊഴിയാന്‍ അത് കൈയില്‍വച്ചിരിക്കുന്നവര്‍ തയാറാകുമോ? ആ ആവശ്യവുമായി ഈഴവപ്രേമം നടിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ രംഗത്തിറങ്ങുമോ?

വെള്ളാപ്പള്ളിയെപ്പോലെ കാലങ്ങളായി സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു കള്ളമാണ് സംസ്ഥാനത്തെ മദ്റസ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നത്. മദ്റസ അധ്യാപകരെ ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി എന്നതിനപ്പുറം ഒരു ആനുകൂല്യവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സമുദായ നേതാക്കളും ആര്‍.എസ്.എസ് അനുകൂലികളും ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊക്കെ കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് പറയാനോ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനോ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മടിച്ചിരിക്കുന്നത്. നിരന്തരം വ്യാജം പറയുകയും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുകയും ചെയ്യുന്ന നടേശനെപ്പോലെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ആരാണ് സര്‍ക്കാരിനെ വിലക്കുന്നത്.

മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെയാണ് ഇത്ര സമര്‍ഥമായി അതില്‍നിന്നെല്ലാം ഊരിപ്പോരുന്നത്. ഇത്രമേല്‍ അപരമതവിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാള്‍ എങ്ങനെയാണ് നവോത്ഥാനസമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. വോട്ടുബാങ്കിനെക്കുറിച്ചുള്ള ഭയമാണെങ്കില്‍ കേരളത്തിലെ 90 ശതമാനം ഈഴവരും വെള്ളാപ്പള്ളി നടേശന്റെയോ അദ്ദേഹം നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പിയുടെയോ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരോ ചിന്തിക്കുന്നവരോ അല്ലെന്ന വസ്തുതയെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കണം. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് നേതൃത്വം തുടരുന്ന മൗനവും കപടപരവും അപകടകരവും തന്നെയാണ്.

Latest Stories

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം