ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഗവര്‍ണറുടെ വീഴ്ചകള്‍ വിശദീകരിക്കുന്നുണ്ട്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശവും സഹായവും അനുസരിച്ച് അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ മാത്രം താത്പര്യം കണക്കിലെടുത്താകണം വൈസ് ചാന്‍സലറുടെ പുനര്‍നിയമനം നടത്തേണ്ടതെന്നും ഓര്‍മ്മിപ്പിച്ച സുപ്രീകോടതി ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത് അധികാരം അടിയറവ് വെച്ചുകൊണ്ടാണെന്നും നിരീക്ഷിച്ചു.
നിയമംമൂലം ലഭിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ സ്വന്തമായാണ് തീരുമാനം എടുക്കേണ്ടത്. മറ്റ് ആരുടെയെങ്കിലും സമ്മര്‍ദമോ ആവശ്യമോ കണക്കിലെടുത്ത് തീരുമാനം എടുത്താല്‍ അത് അധികാരം അടിയറവ് വയ്ക്കുന്നതിന് തുല്യമാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റാരെങ്കിലും എടുക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കുന്ന റബര്‍ സ്റ്റാമ്പ് ആയി ഗവര്‍ണര്‍മാര്‍ മാറാന്‍ പാടില്ലെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. അധികാരം അടിയറവുവെച്ച് എടുത്ത തീരുമാനം റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയ പരമോന്നത നീതിപീഠം ഭരണഘടനയുടെ 161-ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍ക്ക് ശിക്ഷ ഇളവ് നല്‍കല്‍, പരോള്‍ അനുവദിക്കല്‍ തുടങ്ങി പല അധികാരങ്ങളും ഉണ്ടെന്ന് കൂടി ഓര്‍മ്മിപ്പിച്ചു.
അധികാരങ്ങള്‍ ഗവര്‍ണര്‍ വിനിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ്. എന്നാല്‍ എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് അല്ലെന്ന് കൂടി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ ആയ മന്ത്രി ആര്‍. ബിന്ദു, ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 22-ന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്നും ആ ദിവസം തന്നെ അപേക്ഷ ക്ഷണിച്ച് കൊണ്ടുളള വിജ്ഞാപനം പിന്‍വലിച്ചെന്നും വ്യക്തമായതായി കോടതി പറയുന്നു. പുനര്‍നിയമനം ആവശ്യപ്പെട്ട് മറ്റൊരു കത്തും മന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് സുപ്രീം കോടതി ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. ഇതിനു പുറമെ രാജ്ഭവന്‍ പുറത്ത് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണ് പുനര്‍നിയമനത്തിന് നടപടികള്‍ തുടങ്ങിയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം ഗവര്‍ണര്‍ സ്വന്തം നിലയില്‍ അല്ല, മറിച്ച് ബാഹ്യ ഇടപെടലുകള്‍ കാരണമാണ് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവെച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ചാന്‍സലര്‍ അധികാരമില്ലാത്ത സര്‍വകലാശാല തലവന്‍ അല്ലെന്നും കോടതി പറഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അദ്ദേഹത്തിന്റേതാണ് അവസാന വാക്ക്. സര്‍വകലാശാലകളുടെ താല്‍പര്യം മാത്രം കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ ചാന്‍സലര്‍ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം ശരിവെച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുനർ നിയമന ആവശ്യം വന്നപ്പോൾ, തന്നെ ചട്ട വിരുദ്ധം ആണെന്ന് താൻ പറഞ്ഞിരുന്നു. എജിയുടെ ഉപദേശം ഉണ്ടെന്ന് സർക്കാർ അറിയിച്ചു. എല്ലാ സമ്മർദ്ദവും ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും ഗവർണർ പറഞ്ഞു.
‘പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് ധാർമികമായ ചോദ്യമാണ്. ഇക്കാര്യം അവർ തീരുമാനിക്കട്ടെ’- ഗവര്‍ണര്‍ വിശദീകരിച്ചു.