34 തവണ മാറ്റിവച്ച എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 12ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറിയതോടെയാണ് കേസ് പുതിയ ബഞ്ചിലേക്കെത്തിയത്.
1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി വൈദ്യുതി വകുപ്പ് കരാറില്‍ ഒപ്പുവച്ചു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തില്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.
കേസില്‍ ആകെ ഒന്‍പത് പ്രതികളാണുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി. മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെജി രാജശേഖരന്‍ നായര്‍, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ്, മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരി രങ്ക അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പിഎ സിദ്ദാര്‍ത്ഥ മേനോന്‍, വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.