സുരേഷ്‌ഗോപി എംപി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

വാഹന നികുതി തട്ടിപ്പ് നടത്തിയതായി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. പോണ്ടിച്ചേരിയിൽ ആഡംബര കാർ റജിസ്ട്രേഷൻ നടത്താൻ വ്യാജ രേഖയുണ്ടാക്കിയെന്ന കേസിലാണ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കാർ റജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണു കണ്ടെത്തൽ. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് താരം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.