മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയറ്റ് കേരളം. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നാണ് വിലയിരുത്തല്‍.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താന്‍ ബിഹാറിനും ആന്ധ്രാപ്രദേശിനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. നിതീഷ്‌കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും പിന്തുണയോടെയായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
ഇരു നേതാക്കളെയും പ്രീതിപ്പെടുത്തി അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര ബജറ്റില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ്‌ഗോപി ആവര്‍ത്തിച്ച് പറഞ്ഞ എയിംസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മുഖം തിരിക്കുകയായിരുന്നു.
നിപയും മസ്തിഷ്‌ക ജ്വരവും ഉള്‍പ്പെടെയുള്ള വ്യാധികളില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ എയിംസ് കേരളത്തിന്റെ സ്വപ്‌നമായി തന്നെ തുടരും. കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്.
എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ രണ്ടുപേര്‍ ഉണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. കാര്‍ഷിക മേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുണ്ടായപ്പോഴും നാളികേരവും റബറും ബജറ്റിന് പുറത്തായി. ഇതുകൂടാതെ വിഴിഞ്ഞം തുറമുഖത്തിനായി 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അതും ചെവിക്കൊണ്ടില്ല.